31 വര്‍ഷത്തോളം സഹസംവിധായകന്; ഒടുവില്‍ സ്വതന്ത്ര സംവിധായകനായി കെ സതീഷ്
മലയാള സിനിമയില്‍ 31 വര്‍ഷത്തോളം സംവിധായകനായ പ്രവര്‍ത്തിക്കുന്ന കെ സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു. ഓഗസ്റ്റ് 5-ാം തീയതി റിലീസാകുന്ന ടു മെന്‍ എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ സതീഷ് തന്റെ കരിയറിലെ പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നത്. 1991 മുതല്‍ സഹ സംവിധായകനായ പ്രവര്‍ത്തിക്കുന്ന സതീഷ് മ്പതോളം ചിത്രങ്ങളിലാണ് ഇതിനകം പ്രവര്‍ത്തിച്ചിട്ടുള്ളത്.
ഒരു യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ കഥയാണ് ടു മെന്‍. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് നിര്‍മ്മിച്ച ചിത്രം പൂര്‍ണമായും ദുബായിയില്‍ ആണ് ചിത്രീകരിച്ചത്. എംഎ നിഷാദും ഇര്‍ഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവിയാണ് ചിത്രം. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്വിന്, മിഥുന് രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമി നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന് സംഗീതം നല്കുന്നു. എഡിറ്റിംഗ്- വി. സാജന്. ഡാനി ഡാര്വിന്, ഡോണി ഡാര്വിന് എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: കണ്ടന്റ് ഫാക്ടറി, പി. ആര്. ഒ: എ. എസ്. ദിനേശ്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സമയത്താണ് സതീഷ് ആദ്യമായി സിനിമയില്‍ എത്തുന്നത്. തന്റെ ഒരു സുഹൃത്ത് വഴി സംവിധായകന് സുരേഷ് ഉണ്ണിത്താനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. എന്നാല്‍ അദ്ദേഹം ആദ്യം സതീഷിനെ നിരുത്സാഹപ്പെടുത്തി. നിലവിലുള്ള നല്ല ജോലി കളയേണ്ട എന്നായിരുന്നു ഉപദേശം. പക്ഷെ സതീഷ് പിന്മാറിയില്ല. 1991ല്‍ മുഖചിത്രം എന്ന സിനിമയില്‍ സഹ സംവിധായകനായി കെ. സതീഷ് കുമാര്‍ തുടക്കം കുറിച്ചു. അധികം വൈകാതെ സുരേഷ് ഉണ്ണിത്താന്റെ അസ്സോസിയേറ്റ് ആവുകയും ചെയ്തു.
ഇതിനിടെ വിജി തമ്പിയെ പരിചയപ്പെടാനിടയായി. അങ്ങനെ അദ്ദേഹം സംവിധാനം ചെയ്ത സത്യമേവ ജയതേ എന്ന ഹിറ്റ് ചിത്രത്തില്‍ ഭാഗമായി. പിന്നാലെ തുളസിദാസിനൊപ്പം മിസ്റ്റര്‍ ബ്രഹ്മചാരി, അവന് ചാണ്ടിയുടെ മകന് എന്നീ ചിത്രങ്ങള്‍. പിന്നീടുള്ള രണ്ട് പതിറ്റാണ്ടോളം കേരത്തിലെ തിരക്കേറിയ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു സതീഷ്.
ഇതിനിടെ പല തവണ സ്വന്തമായി സിനിമ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ഏത് താരത്തോടും പോയി കഥ പറയാനുള്ള പരിചയം അക്കാലത്ത് മലയാള സിനിമയില്‍ സതീഷിന് ഉണ്ടായിരുന്നു. എന്നിട്ടും സ്വന്തം സിനിമ യാഥാര്‍ത്ഥ്യമായില്ല. 2007ല്‍ തിരക്കഥാകൃത്ത് ജിനു എബ്രഹാമിനൊപ്പം (ആദം ജോണ്‍, കടുവ) തയ്യാറാക്കിയ പ്രൊജക്ട് പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ച ശേഷം മുടങ്ങുകയായിരുന്നു. ബിജു മേനോനും, കലാഭവന്‍ മണിയുമായിരുന്നു ആ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്. താരങ്ങള്‍ക്കും ടെക്നീഷ്യന്മാര്ക്കും അഡ്വാന്‍സ് കൊടുത്തിരുന്നു, പാട്ട് റെക്കോഡിങ്ങും കഴിഞ്ഞിരുന്നു. എന്നാല്‍ തിരക്കുള്ള രണ്ടുപേരുടെയും ഡേറ്റ് ഒത്തുവരുന്നില്ല. രണ്ടര വര്‍ഷം ആ പ്രോജെക്ടറ്റുമായി കടന്നുപോയി. ഒടുവില്‍ ഉപേക്ഷിക്കപ്പെട്ടു.
കടുത്ത നിരാശ ബാധിച്ച സതീഷ് വീട്ടില്‍ ഇരിപ്പായി. സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ വീണ്ടും അസോസിയേറ്റ് പണിക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങിനെ കടാക്ഷം എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് വന്നു. വീണ്ടും തിരക്കായി. ഇതിനിടയിലും സ്വന്തമായി സിനിമ ചെയ്യാന്‍ കഥകള്‍ കേട്ടു. പ്രായം 50 കടന്നതോടെ സതീഷ് ഇനി സ്വന്തമായി സിനിമ ചെയ്യില്ലെന്ന് പലരും വിചാരിച്ചു. എന്നാല്‍ സുഹൃത്തുക്കളായ സിനിമ പ്രവര്‍ത്തകര്‍ സതീഷിന് ആത്മവിശ്വാസം നല്കാന് ശ്രമിച്ചു. അങ്ങനെ അടുത്ത പ്രോജക്ടിന്റെ ജോലികള്‍ തുടങ്ങിയപ്പോഴാണ് കോവിഡ് വരുന്നത്. വീണ്ടും ജീവിതം പ്രതിസന്ധിയിലായി.
കോവിഡ് കാലത്ത് സിനിമയ്ക്കുണ്ടായ മാറ്റത്തെ മനസിലാക്കി ചെറിയ ലൊക്കേഷനില്‍ ചിത്രീകരിക്കുന്ന, കുറച്ചു താരങ്ങള്‍ മാത്രമുള്ള സിനിമ എന്ന ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങി. അവിടെയും ഏറെ പ്രതിബന്ധങ്ങള്‍. അവസാനം സ്വന്തമായി ഒരു കഥ തയ്യാറാക്കാന്‍ തീരുമാനിച്ചു. അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. 31 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനൊടുവില്‍ തന്റെ അമ്പത്തേഴാം വയസ്സില്‍ കെ സതീഷ് സ്വതന്ത്ര സംവിധായകനാവുകയാണ്. ആഗസ്റ്റ് 5ന് റിലീസാകുന്ന ടു മെന്‍ ആണ് ആ ചിത്രം.
Content Highlights – New Movie Two Men, K Satheesh is becoming an independent Director