ഗൂഗിൾ മാപ്പിനു വഴി തെറ്റി; കാർ കൈത്തോട്ടിലേക്ക് വീണു
കോട്ടയത്ത് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത കാർ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം നടന്നത്.എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് പോയ കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
രാത്രിയിൽ എറണാകുളത്തു നിന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യവെ തിരുവാതുക്കലിൽ നിന്ന് വഴി തെറ്റി പാറേച്ചാലിൽ എത്തിയപ്പോഴാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. തിരുവാതുക്കൽ-നാട്ടകം സിമെന്റ്കവല ബൈപ്പാസിലൂടെ പാറേച്ചാൽ ബോട്ട്ജെട്ടിയുടെ വശത്തേക്ക് നീങ്ങുകയായിരുന്നു കാർ. ഈ പ്രദേശത്ത് റോഡിലടക്കം വെള്ളമുണ്ടായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
പാറേച്ചാൽ ജെട്ടിക്ക് സമീപം എത്തിയപ്പോൾ തോട്ടിലേക്ക് വീണ കാർ ഒഴുകി നീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശത്തെ ജനാലയിൽ തട്ടി ബഹളമുണ്ടാക്കിയതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനടുത്തെത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
Content Highlights: Google Map, Car , Accident