ഇടുക്കി ഡാം പൂര്‍ണതോതില്‍ തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു
ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ഇടുക്കി. ചെറുതോണി അണക്കെട്ട് പൂര്‍ണതോതില്‍ തുറന്നു. 3.30ഓടെ ഡാമിന്റെ 5 ഷട്ടറുകളും തുറന്നു. ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. മറ്റു മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി സംഭരണയിലെ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടാകാത്തതിനാലാണ് നടപടി.
ഇതോടെ അണക്കെട്ടില്‍ നിന്ന് 260 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ തടിയമ്പാട് ചപ്പാത്തില്‍ വെള്ളം കയറി. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് 6188 ക്യുസെക്സ് വെള്ളമാണ് ഇടുക്കി സംഭരണിയിലേക്ക് ഒഴുക്കുന്നത്.
തിങ്കളാഴ്ച 3 മണിക്ക് ലഭിക്കുന്ന വിവരം അനുസരിച്ച് 139.30 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ടണലിലൂടെ 2144 ക്യുസെക്സ് വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്പില്‍വേയിലെ 5 ഷട്ടറുകള്‍ 90 സെന്റിമീറ്ററും ബാക്കിയുള്ള 5 ഷട്ടറുകള്‍ 60 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.
Content Highlights: Mullaperiyar, Idukki Dam, Water level