ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം; യുവാവ് കുത്തേറ്റു മരിച്ചു
എറണാകുളം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ ഇതുവെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. ടൗൺഹാളിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എഡിസനും, സുഹൃത്ത് മുളവുകാട് സ്വദേശി സുരേഷും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ സുരേഷ് തന്റെ കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തിൽ കുത്തുകയായിരുന്നു.
അരമണിക്കൂറോളം രക്തം വാർന്നുകിടന്ന എഡിസനെ, പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. കൃത്യത്തിന് ശേഷം പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടെന്നാണ് വിലയിരുത്തൽ. സുരേഷിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതേസമയം ടൗൺഹാൾ പരിസരത്ത് മദ്യപസംഘത്തിന്റെ ശല്യം പതിവായിട്ടും പൊലീസ് ഇടപെടൽ ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.