സിറോ മലബാർ സഭയുടെ ഭൂമി ഇടപാട്; ഹർജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റി
സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്. കേസിലെ എതിര് കക്ഷികളായ സംസ്ഥാന സര്‍ക്കാരിന്റെയും ജോഷി വര്‍ഗീസിന്റെയും സത്യവാങ്മൂലങ്ങള്‍ക്ക് മറുപടി നല്കാന് നാല് ആഴ്ചത്തെ സമയംവേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്കി. ഹൈക്കോടതി വിധിക്കെതിരായ മൂന്ന് ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന് സ്വേതങ്ക് ശാന്തനു സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്.
ഹൈക്കോടതി വിധിക്കെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമെ, സിറോ മലങ്കര സഭയുടെ ബത്തേരി രൂപത, സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സുപ്രീംകോടതി നാളെ പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഹര്‍ജികള്‍ നീക്കംചെയ്യരുതെന്ന് സിറോ മലങ്കര സഭയുടെ ബത്തേരി രൂപതയുടെ അഭിഭാഷകന് റോമി ചാക്കോ ഇന്നലെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി നാളെ ജസ്റ്റിസ് മാരായ ദിനേശ് മഹേശ്വരി, സുധാന്‍ഷു ദുലിയ എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്ന മുപ്പതാമത്തെ ഹര്‍ജിയായി കേസ് ലിസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം തേടി കര്‍ദിനാളിന്റെ അഭിഭാഷകന് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്.
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി കര്‍ദിനാളിന് ക്ളീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സത്യവാങ്മൂലമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്തത്. റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കര്‍ദിനാളിന് എതിരായ കേസ് റദ്ദാക്കരുതെന്നാണ് കേസിലെ രണ്ടാം എതിര്‍കക്ഷിയായ ജോഷി വര്‍ഗീസിന്റെ നിലപാട്.
പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സിറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരവിലെ തുടര്‍ നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീറോ മലങ്കര സഭയുടെ ബത്തേരി രൂപത സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വിധി പറഞ്ഞ ജഡ്ജി റോസ്റ്റര്‍ മാറിയിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ബത്തേരി രൂപത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകള്‍ സ്റ്റേ ചെയ്യണമെന്നാണ് ബത്തേരി രൂപതയുടെ ആവശ്യം.
Content Highlights – Zero Malabar Church Land Deal, The plea was adjourned for a week