ഓർഡിനൻസ് വിവാദം അയയുന്നു; നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തതിനെ സ്വാഗതം ചെയ്ത് ഗവർണർ
ഓർഡിനൻസ് വിവാദം അയയുന്നതിൻ്റെ സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ സഭ സമ്മേളിക്കുന്നതിനെ ഗവർണർ സ്വാഗതം ചെയ്തു. അതേ സമയം സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഗവർണർക്കുള്ള അതൃപ്തി തുടരുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ അടക്കം കണ്ണൂർ വിസിക്കെതിരായ അമർഷം ഗവർണർ ഇന്നലെ പ്രകടിപ്പിച്ചിരുന്നു. വി സിയുടെ വിശദീകരണത്തിന് പിന്നാലെ കർശന നടപടി ഉണ്ടാകുമെന്നാണ് ഗവർണ്ണർ നൽകുന്ന സൂചന.
നിയമ നിർമ്മാണത്തിനായി പ്രത്യേക സഭാ സമ്മേളനം വിളിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ പ്രതികരിച്ചിരുന്നു. ഏറെ ഓർഡിനൻസുകൾ ഒന്നിച്ച് വന്നത് കൊണ്ടാണ് ഒപ്പിടാതിരുന്നത്. ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു എന്നും ഓർഡിനൻസിനെതിരെ
ഉയർന്ന വിമർശനങ്ങൾ കൂടി കണക്കിലെടുത്താണ് അതിൽ ഒപ്പിടാതിരുന്നതെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. സമയം താൻ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സമയമെടുക്കാതെ ഓർഡിനൻസുകളിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്നും ഗവർണ്ണർ പറഞ്ഞിരുന്നു.
ഗവർണ്ണർ ഉറച്ചുനിന്നതോടെയാണ് അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസ്സാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമനിർമ്മാണത്തിന് മാത്രമായി സഭചേരും.
ഒടുവിൽ സർക്കാർ ഗവർണ്ണറെ അനുനയിപ്പിക്കാൻ സഭാ സമ്മേളനം ചേരുകയാണ്. രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സർക്കാർ സമ്മേളനം വിളിക്കുന്നത്. ഓർഡിനൻസ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ് ഭവൻ ഇതുവരെ സർക്കാറിലേക്ക് തിരിച്ചയച്ചിട്ടുമില്ല. അത് കൊണ്ട് പുതുക്കി ഓർഡിനൻസ് ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബിൽ കൊണ്ടുവരാൻ സഭ ചേരുന്നത്
നിയമസഭ ബിൽ പാസ്സാക്കിയാലും ഗവർണ്ണർ അനുമതി നൽകണമെന്നുള്ളതാണ് അടുത്ത കടമ്പ.നിയമസഭ പാസ്സാക്കിയ ചില ബില്ലുകളിൽ ഇനിയും രാജ്ഭവൻ തീരുമാനമെടുക്കാതെ മാാറ്റിവെച്ചിരിക്കുന്നതിനാാൽ ഗവർണ്ണറുമായി സമവായത്തിലെത്തേണ്ടത് സർക്കാറിന് അനിവാര്യം. ഒരിക്കൽ ഒപ്പിട്ട ഓർഡിനൻസിൽ വീണ്ടും ഒപ്പിടാൻ എന്തിനാണ് സമയമെന്ന നിയമമന്ത്രിയുടെ വിമർശനം തള്ളി ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാൻ
ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കണമെന്ന ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ കമ്മീഷൻ ശുപാർശ കണ്ടില്ലെന്ന് പറയുമ്പോോഴം തന്നെ ഒതുക്കാനുള്ള സർക്കാറിനറെ പല നീക്കങ്ങളിലും ആരിഫ് മുഹമ്മദ് ഖാൻ് അതൃപ്തി തുടരുകയാണ്. ബിൽ നിയമസഭയിൽ എത്തിയാൽ സർക്കാറിന് മുന്നിൽ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയുണ്ട്. ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിക്കെതിരെ കടുത്ത എതിർപ്പാണ് സിപിഐക്കുള്ളത്. പുറത്ത് കാനവും മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരും ഇത് വ്യക്തമാക്കിയതാണ്. സഭയിൽ ബിൽ വരുമ്പോൾ സിപിഐ എതിർപ്പ് ഉന്നയിക്കാനും പ്രതിപക്ഷം അവസരം മുതലെടുത്ത് സർക്കാറിന സമ്മർദ്ദത്തിലാക്കാനുമുള്ള സാഹചര്യമുണ്ട്