ഓണം ഹൈന്ദവ ആഘോഷമാക്കി മാറ്റാൻ ബിജെപി നീക്കം
കേരളത്തിലെ ബിജെപി പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ മതേതരമായി നടത്തുന്ന ഓണാഘോഷങ്ങളെ പൂര്‍ണമായും ഹിന്ദുത്വ ആഘോഷമാക്കി മാറ്റുന്ന തരത്തിലുള്ള ഒരു ക്യാമ്പയിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ‘കേരളത്തിന്റെ സ്വത്വം വീണ്ടെടുക്കൽ’ എന്ന പരിപാടിയുടെ ഭാഗമായാണ് ഓണത്തിന്മേലുള്ള പരീക്ഷണം ആദ്യം നടത്തുക.
സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നയത്തിന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് അനുമതി നല്‍കിയെന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓണം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചരണം സംഘടിപ്പിക്കും.
തിരുവോണം ഒരു ഹൈന്ദവ ഉത്സവമാണെന്നും ആചാരാനുഷ്ഠാനങ്ങൾ പാലിക്കണമെന്നുമാകും ഈ പ്രചരണത്തില്‍ ഊന്നൽ നൽകുക. കൂടാതെ ഈ ദിവസം ആരും സദ്യയില്‍ മാംസ ഭക്ഷണം ഉള്‍പ്പെടുത്തരുത്. മദ്യം കഴിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ പ്രചരിപ്പിക്കും. അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. ചിങ്ങം ഒന്നിന് കര്‍ഷക സംഗമവും നടത്താനും പാർട്ടി പദ്ധതിയിട്ടിട്ടുണ്ട്.