ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല; പാകിസ്താനിലേക്ക് പോകണമെന്ന് സുരേന്ദ്രന്
ഫെയിസ്ബുക്ക് പോസ്റ്റില്‍ വിവാദ പരാമര്‍ശം നടത്തിയ കെ ടി ജലീല്‍ പാകിസ്താനില്‍ പോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ജലീല്‍ രാജ്യദ്രേഹ കുറ്റമാണ് ചെയ്തത്. ഇന്ത്യയുടെ കശ്മീര്‍ നയത്തിനെതിരായി സംസാരിച്ച ജലീല്‍ ഇനി ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ഇന്ത്യയിലല്ല, പാകിസ്താനിലാണ് ജലീലിന്റെ സ്ഥാനം. ഇന്ത്യയുടെ പരമാധികാരത്തെയും അതിര്‍ത്തിയേയും അംഗീകരിക്കാത്ത ഒരാള്‍ എങ്ങനെ ഇന്ത്യക്കാരനാകുമെന്നും എത്രയും വേഗം അദ്ദേഹം പാകിസ്താനില്‍ പോകുന്നതാണ് നല്ലതെന്നും സുരേന്ദ്രന് പറഞ്ഞു.
പാാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരെന്നും കാശ്മീരിന്റെ മറ്റു ഭാഗങ്ങളെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നും വിശേഷിപ്പിച്ചാണ് ജലീല്‍ വിവാദത്തിലായത്. കാശ്മീരിലേക്ക് നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് ഫെയിസ്ബുക്കിലെഴുതിയ യാത്രാവിവരണക്കുറിപ്പിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. വിവാദം രൂക്ഷമായതോടെ പരാമര്‍ശങ്ങള്‍ ജലീല്‍ പിന്‍വലിച്ചിരുന്നു.