പാലക്കാട് രാഷ്ട്രീയക്കൊല; രണ്ടു പേര് കസ്റ്റഡിയില്‍
പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് കസ്റ്റഡിയില്‍. കൊലയില്‍ നേരിട്ടു പങ്കെടുത്തവരാണ് പിടിയിലായതെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പ്രതികള്‍ രണ്ടിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തില്‍ എട്ടു പേര് ഉണ്ടായിരുന്നു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്നാണ് വിവരം.
ഷാജഹാന് നേരത്തേ തന്നെ വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം വെളിപ്പെടുത്തി. പ്രതികളില്‍ ഒരാളായ നവീന്‍ എന്നയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. മുന്‍പ് സിപിഎം പ്രവര്‍ത്തകരും ഇപ്പോള്‍ ബിജെപി അനുഭാവികളുമായവരാണ് കൊലയ്ക്ക് പിന്നിലെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയും ഷാജഹാന്റെ സുഹൃത്തുമായ സുരേഷ് പറഞ്ഞിരുന്നു. പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമൊന്നുമില്ലെന്ന് പാര്‍ട്ടി പാലക്കാട് ഘടകവും വ്യക്തമാക്കിയിരുന്നു.
സംഭവം രാഷ്ട്രീയക്കൊല തന്നെയാണ് പോലീസ് എഫ്ഐആര്‍ സ്ഥിരീകരിച്ചിരുന്നു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമാണോ എന്ന് പറയാനാകില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. എഫ്ഐആറില്‍ കൊലയ്ക്ക് കാരണമായത് രാഷ്ട്രീയ വിരോധമാണെന്ന് വ്യക്തമാക്കുകയായിരുന്നു. കേസില്‍ 19 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്.
Content Highlights – CPM local committee member Shahjahan’s Murder – Two people were taken into custody