ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്
ഇന്ത്യയുടെ ആശങ്കകളും എതിര്‍പ്പുകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ ‘യുവാന്‍ വാങ് 5’ ശ്രീലങ്കന്‍ തുറമുഖത്ത് എത്തി. ഓഗസ്റ്റ് 11-ാം തീയതി എത്തേണ്ട കപ്പല്‍ ആദ്യഘട്ടത്തില്‍ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖത്ത് അടുത്തത്.
കപ്പലില്‍ ഏകദേശം രണ്ടായിരത്തോളം നാവികരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘യുവാന്‍ വാങ് 5’ന്റെ വരവ് ഇന്ത്യയെ മാത്രമല്ല യുഎസിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കപ്പല്‍ ലങ്കന്‍ തീരത്തേക്ക് അടുക്കുന്നതില്‍ ആദ്യഘട്ടത്തില്‍ തന്നെ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് യാത്ര നീട്ടി വെയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളും ചൈനയും തമ്മിലുള്ള വിഷയത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇന്ത്യ ശ്രീലങ്കയെ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് ചൈന ആരോപണമുയര്‍ത്തിയത്.
‘യുവാന്‍ വാങ് 5’ ഓഗസ്റ്റ് 16 മുതല്‍ 22-ാം തീയതി വരെ ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ പിടിച്ചെടുത്ത് വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാന്‍ വാങ്. 750 കിലോമീറ്റര്‍ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാന്‍ ഈ കപ്പലിന് കഴിയും. ഇത് കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണിയായേക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
Content Highlights – Chineese spy ship in Sri Lanka port despite India’s objections