കെഎസ്ആര്‍ടിസി പ്രതിസന്ധി; സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്, മന്ത്രിമാരും തൊഴിലാളികളും പങ്കെടുക്കും
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്നു നടക്കും. ഗതാഗത, തൊഴില്‍മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. മാനേജ്മെന്റ് പ്രതിനിധികളെയും അംഗീകൃത യൂണിയന് പ്രതിനിധികളെയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മന്ത്രിമാര്‍ ഇന്ന് തൊഴിലാളികള്‍ക്കും മാനേജ്മെന്റിനും മുന്നില്‍ വയ്ക്കും.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുമെന്ന് ഗതാഗതമന്ത്രി ഇന്നലെ വ്യകതമാക്കിയിരുന്നു. അതിനിടെ ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആര് ടി സി ജീവനക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജൂലൈ മാസത്തെ ശമ്പളം നല്‍കാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെ എസ് ആര് ടി സി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
പത്താം തിയതിക്കുള്ളില്‍ ജൂലൈ മാസത്തിലെ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിച്ചില്ലെങ്കില്‍ സിഎംഡിക്കെതിരെ കാടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് കെ എസ് ആര് ടി സിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം നല്‍കണം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടിച്ചേല്‍പ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകള്‍ ഉന്നയിക്കുന്നത്.
Content Highlights – Meeting called by the government to discuss the crisis in KSRTC will be held today