മധ്യപ്രദേശില്‍ മലയാളി സൈനികനെ കാണാതായിട്ട് മൂന്ന് ദിവസം
ഇന്ത്യൻ സൈന്യത്തിലുള്ള മധ്യപ്രദേശ് കേഡറില്‍ ക്യാപ്റ്റനായ മാമംഗലം സ്വദേശി നിര്‍മല്‍ ശിവരാജിനെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് ജബല്പൂരില് ആഗസ്റ്റ് 15ന് ഭാര്യയെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയില്‍ കാണാതായെന്നാണ് പരാതി. ജോലിസ്ഥലമായ പച്മറി ചൈനീസ് കോഴ്സ് എഇടി ട്രെയ്നിങ് കോളേജ് ആന്‍ഡ് സെന്ററിലേക്ക് മടങ്ങി എങ്കിലും വിവരമൊന്നും ലഭ്യമായില്ല.
നിര്‍മല്‍ ഭാര്യയെ സന്ദര്‍ശിച്ച ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുമെന്ന് വീട്ടില്‍ അറിയിച്ചിരുന്നു. മഴ മൂലം റോഡിൽ തടസമുണ്ടെന്നും ജോലിസ്ഥലത്തേക്ക് ഇനി 85 കിലോമീറ്റര്‍ കൂടിയുണ്ടെന്നും വീട്ടുകാരേയും ഭാര്യയേയും അറിയിച്ചിരുന്നു. വാഹനത്തിലെ ജിപിഎസ് വീട്ടുകാരുമായി പങ്കുവക്കുകയും ചെയ്തു. പ്രദേശത്ത് മഴയെ തുടര്‍ന്ന് പ്രളയ ഭീഷണിയുള്ളതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. വിവരങ്ങൾ ലഭ്യമാകാതായപ്പോള് വീട്ടുകാര്‍ ആശങ്കയിലായി.
നിര്‍മലിനെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പി കെ ശിവരാജന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്, ഹൈബി ഈഡന് എംപി എന്നിവര്‍ക്ക് പരാതി നല്കി. നിര്മലിനായുള്ള തിരച്ചില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനോട് കത്തിലൂടെ ആവശ്യപ്പെട്ടതായി ഹൈബി ഈഡന് എംപി അറിയിച്ചു.
Content highlights – malayali soldier went missing