മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി
ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി ജെന്നിഫർ ഗ്വിൻ. സ്പേസ് എക്സ് സ്ഥാപകനായ മസ്കിൻ്റെ കോളജ് കാലം മുതലുള്ള 18 ചിത്രങ്ങളാണ് ജെന്നിഫർ ലേലത്തിനു വച്ചിരിക്കുന്നത്. 100 ഡോളറിലാണ് മിക്ക ചിത്രങ്ങളുടെയും ലേലത്തുക ആരംഭിക്കുന്നത്. ചിത്രങ്ങളുടെ കൂടെ ജെന്നിഫറിന് മസ്ക് നൽകിയ ഒരു ജന്മദിന കാർഡും ഒരു നെക്ക്ളേസും ഉണ്ട്. ജന്മദിന കാർഡിൻ്റെ വില 1331 ഡോളറാണ്. നിലവിൽ നെക്ക്ളേസിന് 357 രൂപ ലഭിച്ചിട്ടുണ്ട്.
പെനിസിൽവേനിയ യൂണിവേഴ്സിറ്റിയിൽ ഇരുവരും ഒരുമിച്ച് പഠിച്ചിരുന്ന സമയത്തെ ചിത്രങ്ങളാണ് ലേലത്തിനുള്ളത്. ജെന്നിഫർ മുൻ ഭർത്താവിലുള്ള തൻ്റെ മകൻ്റെ പഠനച്ചെലവ് കണ്ടെത്താനാണ് ചിത്രങ്ങൾ ലേലം ചെയ്യുന്നത്. ജെന്നിഫർ ഇപ്പോൾ അമേരിക്കയിലെ സൗത്ത് കരോളിനയിലാണ് താമസിക്കുന്നത്. ഒരു വർഷം മാത്രമാണ് ഇരുവരും തമ്മിലുള്ള ബന്ധം നീണ്ടുനിന്നത്. 1995ൽ പാലോ ആൽടോയിലേക്ക് മസ്ക് താമസം മാറിയതോടെ ഈ ബന്ധം അവസാനിക്കുകയായിരുന്നു.