മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാര്
ട്ടി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയ വിമതപക്ഷം, ജി23 നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നുതന്നെ അദ്ദേഹം പുറത്തേക്കു പോയിരിക്കുന്നത്. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഗുലാം നബി ആസാദ് ഭിന്നതയിലായിരുന്നു. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം പുറത്തുപോകുന്നത്.
അഞ്ചു പേജുള്ള രാജിക്കത്ത് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്കി. രാഹുല്‍ ഗാന്ധി കുട്ടികളെപ്പോലെ പെരുമാറുകയാണ്. രാഹുലിന്റെ പക്വതയില്ലായ്മ 2014ല്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായി. ഇപ്പോള്‍ തിരിച്ചുവരാനാകാത്ത വിധത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. സോണിയ ഗാന്ധി നേതൃത്വത്തില്‍ പേരിനു മാത്രമാണ് ഇരിക്കുന്നത്. തീരുമാനങ്ങള്‍ രാഹുല്‍ അല്ലെങ്കില്‍ രാഹുലിന്റെ സെക്യൂരിറ്റ് ഗാര്‍ഡുകളോ പേഴ്സണല്‍ അസിസ്റ്റന്റുമാരോ എടുക്കുന്നു. പാര്‍ട്ടി റിമോട്ട് കണ്ട്രോള് മോഡലിലേക്ക് മാറിയിരിക്കുകയാണെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ ജമ്മു കാശ്മീര്‍ സംസ്ഥാന ഘടകത്തിന്റെ പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കണ്ടത്. സമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കകം അദ്ദേഹം രാജിവെച്ചിരുന്നു. 2014 മുതല്‍ 2021 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഗുലാംനബി ആസാദിനെ കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു.