എക്സൈസ് ഓണം സ്പെഷ്യല്‍ ഡ്രൈവ്; 168 പേര് അറസ്റ്റില്‍
ഓണാഘോഷത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനാണ് ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ്.
സ്പെഷ്യല്‍ ഡ്രൈവില്‍ ഇതുവരെ 73 അബ്കാരി കേസുകളും 60 എന്‍. ഡി. പി. എസ് കേസുകളും 416 കോപ്ട കേസുകളും കണ്ടെടുത്ത് 168 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളിലായി 360 ലിറ്റര്‍ സ്പിരിറ്റും, 96 ലിറ്റര്‍ ചാരായവും, 11 ലിറ്റര്‍ വാഷും, 221 ലിറ്റര്‍ മദ്യവും, 44 ലിറ്റര്‍ ബിയറും, 11 ലിറ്റര്‍ കള്ളും, 15 കിലോഗ്രാം കഞ്ചാവും, 2 കഞ്ചാവ് ചെടികളും, 19 ഗ്രാം എം. ഡി. എം. എയും, 57 ഗ്രാം ഹെറോയിനും, 74 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും കച്ചേരിപ്പടി എക്സൈസ് ഡിവിഷന് ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. കൂടാതെ ജില്ലയെ രണ്ട് യൂണിറ്റുകളായി തിരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കുന്നു. കൂടാതെ താലൂക്ക് അടിസ്ഥാനത്തില്‍ ഓരോ കണ്ട്രോള് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.