കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു; എം വി ഗോവിന്ദന് പകരക്കാരന്
കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറിപദം ഒഴിഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുമായ എം് വി ഗോവിന്ദനാണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു മുന്‍പായി അവൈലബിള്‍ പിബി യോഗവും ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു.
കോടിയേരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയുടെ ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്ന് കോടിയേരി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചുമതല ഒഴിയേണ്ടതില്ല, പകരം അവധിയെടുത്താല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ കോടിയേരിയെ സന്ദര്‍ശിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
അര്‍ബുദ ചികിത്സയ്ക്കായി നേരത്തേ അവധിയെടുത്തപ്പോള്‍ എ വിജയരാഘവന് ചുമതലയേല്‍പ്പിച്ചിരുന്നു. അത്തരമൊരു സംവിധാനം സംബന്ധിച്ച് പിബി ചര്‍ച്ച ചെയ്തിരുന്നതാണ്.
ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.