കുടയത്തൂര്‍ ഉരുൾപൊട്ടൽ; കാണാതായ അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
ഇടുക്കി തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച അഞ്ചുപേരുടേയും മൃതദേഹം കണ്ടെത്തി. കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മാളിയേക്കൽ കോളനിയിലെ സോമന് എന്നയാളുടെ കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. സോമന്, മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഭാര്യ ഷിജി, ചെറുമകന് ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് നടന്ന തെരച്ചിലില്‍ ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്നും താഴെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഞായറാഴ്ച രാത്രി മുതൽ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ജില്ലാ കളക്ടറും, എസ്പി യും ഉള്‍പ്പെടെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ സമീപ വാസികളെ മാറ്റിപ്പാർപ്പിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് ആയിരുന്നു രക്ഷാപ്രവർത്തനം. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി.
Content Highlights – kudayathoor landslide, bodies found