ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെതിരെ ഹൈക്കോടതി
ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്. ഈ നീക്കം തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് മാത്രമേ അവകാശമുള്ളൂയെന്ന് കോടതി നിരീക്ഷിച്ചു. അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.
2012ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് പിടികൂടിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നു മോഹന്‍ലാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ അനുമതി നല്കുന്ന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു കേസ് പിന്‍വലിക്കാന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
Content Highlights – High Court has clarified that Mohanlal has no right to approach the court in the ivory case