സംസ്ഥാനത്തിനായി 4500 കോടിയുടെ ഓണസമ്മാനം നല്കി പ്രധാനമന്ത്രി
കേരളത്തിനായി 4500 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വ്യാഴാഴ്ച്ച വൈകുന്നേരം കൊച്ചി മെട്രോയുടെയും റെയില്‍വേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. ചടങ്ങില്‍ സംസാരിക്കവേ കേരളത്തിലെ ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനുള്ള ശിലാസ്ഥാപനവും റെയില്‍വേയുടെ മറ്റ് 7 പദ്ധതികളുടെ ഉദ്ഘാടനവും അടക്കം 4500 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കു തുടക്കമിട്ട അദ്ദേഹം അവ കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് പറയുകയുണ്ടായി.
രാജ്യത്ത് അടുത്ത 25 വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന വികസനപദ്ധതികളുടെ ഭാഗമായിട്ടാണ് ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം കേരളത്തിലുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത66 ആറുവരിപ്പാതയാക്കുന്നതിനു മാത്രം 55,000 കോടിയുടെ കേന്ദ്രസഹായം ലഭിക്കും. സംരംഭക വികസനത്തിനായി ഈട് നല്‍കാതെ തന്നെ 70,000 കോടി രൂപയുടെ മുദ്ര വായ്പ ഇതിനകം കേരളത്തിനു ലഭിച്ചിട്ടുണ്ട്. ഇതില്‍ വലിയ പങ്കും വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സിയാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോയുടെയും റെയില്‍വേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം, ഒന്നാം ഘട്ടത്തിലെ പേട്ട മുതല്‍ എസ്.എന്‍. ജങ്ഷന് വരെയുള്ള മെട്രോ യാത്രാ സര്‍വീസ് എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളുടെയും കൊല്ലം സ്റ്റേഷന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, കുറുപ്പന്തറ – കോട്ടയം – ചിങ്ങവനം പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും, കൊല്ലം – പുനലൂര്‍ പാത വൈദ്യുതീകരണവും നാടിനു സമര്‍പ്പിച്ചു. കോട്ടയത്തുനിന്ന് എറണാകുളത്തേക്കും കൊല്ലത്തുനിന്ന് പുനലൂരിലേക്കുള്ള സ്പെഷല്‍ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു.
റെയില്‍വേയും സമഗ്ര വികസനത്തിന്റെ പാതയിലാണ്. റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ക്ക് സമാനമായ രീതിയില്‍ വികസിപ്പിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ വിപുലമാകുന്നതോടെ വിനോദസഞ്ചാര മേഖലയും വികസിക്കും. സംരംഭക വികസനത്തിനായി കേരളത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഗതാഗത വികസനത്തിനായി കേരളം സമര്‍പ്പിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ക്കു വേഗത്തില്‍ അനുമതി നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. ദേശീയപാത വികസനത്തിനുള്ള തുകയില്‍ 25% കേരളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-റെയില്‍ അടക്കമുള്ള പദ്ധതികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍, കെ-റെയിലിനെപ്പറ്റി എടുത്തു പറയാതെ ആയിരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വികസനത്തെക്കുറിച്ച് അഭ്യര്‍ത്ഥിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും സഹകരണത്തിന്റെ ഉദാഹരണമാണ് എന്‍.എച്ച് – 66ന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതി എത്രയും പെട്ടെന്ന് കേന്ദ്രം അംഗീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാന്, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു, ഹൈബി ഈഡന് എം.പി., എം.എല്‍.എ. മാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, ഉമ തോമസ്, കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി. ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
Content Highlights – Narendra Mod has announced 4500 crore for Kerala