തീരദേശനിയന്ത്രണം: കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.
കേരളത്തിൽ എട്ടുജില്ലകളിലെ 66 പഞ്ചായത്തുകൾക്ക് തീരദേശ നിയന്ത്രണമേഖല (സി.ആർ.െസഡ്.) വ്യവസ്ഥകളിൽ ഇളവു ലഭിക്കും. ഈ പഞ്ചായത്തുകളെ നിർമാണനിയന്ത്രണങ്ങളുള്ള സി.ആർ.െസഡ്-മൂന്നാംവിഭാഗത്തിൽനിന്ന് കൂടുതൽ ഇളവുകളുള്ള രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞദിവസം ചേർന്ന തീരദേശ മാനേജ്മെന്റ് അതോറിറ്റി യോഗം അംഗീകരിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികളുടെ ആവാസസ്ഥലം ഉൾപ്പെടെയുള്ളവയുടെ നിർമാണപ്രവർത്തനങ്ങളിൽ ഇളവ് ലഭിക്കും.
ധാതുഖനന സാധ്യതയുള്ള ആറു പഞ്ചായത്തുകൾക്ക് മാറ്റം അനുവദിക്കാനിടയില്ല. സി.ആർ.െസഡ്- മൂന്നാം വിഭാഗത്തിലുള്ള 175 പഞ്ചായത്തുകളെ രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന് 2011 മുതൽ കേരളം ആവശ്യപ്പെട്ടുവരുകയാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ 66 പഞ്ചായത്തുകളെയാണ് മാറ്റാൻ ധാരണയായത്.