കെ കെ ശൈലജയ്ക്ക് ലഭിച്ച മാഗ്സാസെ പുരസ്കാരം സ്വീകരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചതായി റിപ്പോര്‍ട്ട്
മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയ്ക്ക് ലഭിച്ച രമണ്‍ മാഗ്സാസെ പുരസ്കാരം സ്വീകരിക്കേണ്ടെന്ന് സിപിഎം തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിപാ, കോവിഡ് എന്നിവയെ പ്രതിരോധിക്കുന്നതിലും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ജനങ്ങളില്‍ ഫലപ്രദമായി എത്തിക്കുന്നതില്‍ നല്കിയ നേതൃത്വത്തിനും സേവനത്തിനും പ്രതിബദ്ധതയ്ക്കുമാണ് ശൈലജയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് നിരസിക്കാന്‍ തീരുമാനമെടുത്തതിലൂടെ സിപിഎം ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കുകയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആരോപിക്കുന്നു.
ഒരിക്കൽ പ്രധാനമന്ത്രി പദം നിരസിച്ചതിനെ പിന്നീട് ചരിത്രപരമായ മണ്ടത്തരം എന്ന് പിന്നീട് ജ്യോതി ബസു വിലയിരുത്തിയിരുന്നു. 64-ാമത് മാഗ്സാസെ പുരസ്കാരത്തിനാണ് ശൈലജയെ രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന് തെരഞ്ഞെടുത്തത്. ആഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. അവരെ നോമിനേറ്റ് ചെയ്തതിന് ശേഷം ഫൗണ്ടേഷന് രാജ്യത്തെ ഏതാനും പ്രമുഖ സ്വതന്ത്രരായ ആളുകളുമായി ക്രോസ് ചെക്ക് ചെയ്തിരുന്നതായും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.
ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചുകൊണ്ട് ശൈലജയ്ക്ക് അയച്ച ഇ-മെയിലില്‍, അവാര്‍ഡ് സ്വീകരിക്കാനുള്ള അവരുടെ സന്നദ്ധത രേഖാമൂലം അറിയിക്കാന്‍ ഫൗണ്ടേഷന് ആവശ്യപ്പെട്ടിരുന്നു. 2022 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ അവാര്‍ഡുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന് ഷെഡ്യൂള്‍ ചെയ്തിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ ഇതേക്കുറിച്ച് പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചിട്ടുണ്ടെന്ന് വിവരമുണ്ടെന്ന് പത്രം പറയുന്നു.
ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിക്കുന്നതെന്ന് പാര്‍ട്ടി കരുതുന്നു. കൂടാതെ, നിപ്പ പൊട്ടിപ്പുറപ്പെടുന്നതിനും കോവിഡ് പാന്‍ഡെമിക്കിനുമെതിരായ സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ ഒരു കൂട്ടായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍ വ്യക്തിയെന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി സ്വീകരിച്ച നിലപാട്.
തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ മറുപടി നല്കി. മ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മഗ്സസെയുടെ പേരിലുള്ളതിനാല്‍ അവാര്‍ഡ് സ്വീകരിക്കരുതെന്ന് പാര്‍ട്ടി തീരുമാനിച്ചതായും അറിയുന്നതായി ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights – CPM has decided not to accept the Magsaysay award given to KK Shailaja