പഠിക്കാന്‍ മിടുക്കനായ സഹപാഠിയെ വിഷം കൊടുത്തു കൊന്നു; മകനെ ഒന്നാം സ്ഥാനക്കാരനാക്കാന്‍ അമ്മയുടെ ക്രൂരത
മകനെ ഒന്നാം സ്ഥാനക്കാരനാക്കാന്‍ സഹപാഠിയായ എട്ടാംക്ലാസുകാരനെ അമ്മ വിഷം കൊടുത്തു കൊന്നു. പുതുച്ചേരിയിലെ കാരയ്ക്കലിലാണ് സംഭവം. കാരയ്ക്കല്‍ നെഹ്റു സ്കൂളിലെ വിദ്യാര്‍ത്ഥി ബാലമണികണ്ഠനാണ് മരിച്ചത്. ബാലമണികണ്ഠന്റെ സഹപാഠിയായ മറ്റൊരു കുട്ടിയുടെ അമ്മ സഹായറാണ് വിക്ടോറിയ എന്ന സ്ത്രീയാണ് ക്രൂരമായ കൊലപാതകത്തിന് പിന്നില്‍. ഇവര്‍ ജ്യൂസ് പാക്കറ്റില്‍ വിഷം കലര്‍ത്തി സ്കൂളിലെ സെക്യൂരിറ്റിയെ ഏല്പിക്കുകയും കുട്ടിക്ക് നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയെ ഛര്‍ദ്ദിച്ച് കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് ജ്യൂസ് നല്‍കിയതായി കുട്ടി വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സഹായറാണി വിക്ടോറിയയാണ് സെക്യൂരിറ്റി ജീവനക്കാരന് ദേവദാസിന് ജ്യൂസ് നല്‍കിയതെന്ന് വ്യക്തമായി.
തുടര്‍ന്ന് ദേവദാസിനെ സ്കൂള്‍ അധികൃതരും മാതാപിതാക്കളും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവാണെന്നും ജ്യൂസ് ബാലമണികണ്ഠന് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സഹായറാണി തന്നെ സമീപിച്ചതെന്ന് ഇയാള്‍ പറഞ്ഞു. മരിച്ച കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാരയ്ക്കല്‍ സിറ്റി പോലീസ് സഹായറാണിയെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യത്തിന്റെ കാരണം പുറത്തായത്.
തന്റെ മകനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ബലമണികണ്ഠന് നേടുന്നതാണ് വിഷം നല്കാന് കാരണമെന്ന് സഹായറാണി പറഞ്ഞു. സംഭവത്തില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് രാത്രി വൈകിട്ട് കുട്ടി മരിച്ചു. കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ആക്രമിക്കുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ നാഗപട്ടണം-ചെന്നൈ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
Content Highlights – School Student Killed At Karaikal