ലവ് ജിഹാദെന്ന് പറയാതെ പറഞ്ഞ് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം |
തീവ്രവാദ സംഘടനകള്‍ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നുണ്ടെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്കെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം
ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ദ്ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്മം നല്കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ ഈ നോമ്പുകാലത്തിന്റെ പ്രാര്‍ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പേരിലുള്ള ഇടയലേഖനം പറയുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീകളെയും സ്ത്രീത്വത്തെയും പരിശുദ്ധ അമ്മയെ എന്നപോലെ ആദരിക്കാന്‍ നാം പഠിക്കേണ്ട നാളുകളാണിവ. പരിശുദ്ധ അമ്മയുടെ നീല അങ്കിയുടെ സംരക്ഷണതണലില്‍ നമ്മുടെ മക്കള്‍ സുരക്ഷിതരാകാന്‍ ഈ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം.
തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ നമ്മുടെ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവല്‍ക്കരണം കൗമാരക്കാരായ വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യമാക്കി അതിരൂപതാ മതബോധന കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളത് എല്ലാവരും പ്രയോജനപ്പെടുത്തണം എന്നിങ്ങനെയാണ് ഇടയലേഖനത്തിലെ വാക്കുകള്‍.
Content Highlights – Pastoral letter of Thalassery archdiocese