മൂന്ന് ജില്ലകളില്‍ തീവ്രമഴ സാധ്യത; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, മുന്നറിയിപ്പില്‍ മാറ്റം
ചക്രവാത ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ച് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി.
അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീവ്രമഴയ്ക്കുള്ള സാധ്യത മാത്രം കണക്കിലെടുത്ത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ ശക്തമായ മഴയ്ക്ക് നല്കുന്ന മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ കോഴിക്കോട്ടും ഓറഞ്ച് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകൡ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല.