പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ
പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹർജികൾ കോടതിയിൽ എത്തുന്നത്.
പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാർലമെൻറ് പാസാക്കിയത് 2019 ഡിസംബർ പതിനൊന്നിനാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി. നിയമത്തെ എതിർത്ത് 140 ഹർജികളാണ് സുപ്രീകോടതിയിൽ എത്തിയത്. കേരള നിയമസഭ നിയമത്തെ എതിർത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരും നിയമത്തെ എതിർത്ത് ഹർജി നല്കി. മുസ്ലിം ലീഗും നിരവധി എംപിമാരും ഹർജികൾ നല്കിയിരുന്നു.