സ്കൂൾ ബസിൽ ഉറങ്ങിപ്പോയി; ഖത്തറിൽ നാല് വയസുള്ള മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം
പിറന്നാൾ ദിനത്തിൽ രാവിലെ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബിനെ (4) ആണ് സ്കൂള്‍ ബസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ. ഞായറാഴ്ചയായിരുന്നു സംഭവം.
സ്കൂളിലെത്തി മറ്റ് കുട്ടികൾ പുറത്തിറങ്ങിയപ്പോൾ ഉറക്കത്തിൽ ആയിരുന്ന മിൻസ മാത്രം പുറത്തിറങ്ങിയില്ല. കുട്ടി ഉറങ്ങുന്നത് ശ്രദ്ധിക്കാതെ ബസും പരിശോധിക്കാതെ ഡ്രൈവർ വാഹനത്തിന്റെ ഡോർ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്ത് ബസ് പാർക്ക് ചെയ്തിട്ടും ബസിനകത്ത് കുട്ടി ഉള്ളത് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് 11.30ഓടെ ബസ് ജീവനക്കാർ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. കുട്ടിയുടെ മരണത്തില്‍ അനുശോചിച്ച ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. അന്വേഷണത്തിന് ശേഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അശ്രദ്ധ വരുത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും വ്യക്തമാക്കി.
മിൻസയുടെ പിതാവ് അഭിലാഷ് ചാക്കോ ഖത്തറിൽ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുകയാണ്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് വരികയായിരുന്നു അഭിലാഷ്. മാതാവ് സൗമ്യ ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമാണ്. മിഖയാണ് സഹോദരി. അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
content highlights – four year old malayali girl died in school bus