എ എന്‍ ഷംസീര്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു
കേരള നിയമസഭയുടെ 24-ാം സ്പീക്കറായി എ എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ സ്പീക്കറായത്. ഷംസീറിന് 96 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അന്‍വര്‍ സാദത്തിന് 40 വോട്ടുകള്‍ ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ്.
തലശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഷംസീര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ്. എം ബി രാജേഷ് മന്ത്രിയായ ഒഴിവിലാണ് ഷംസീര്‍ എത്തുന്നത്. തലശ്ശേരിയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണ നിയമസഭയിലെത്തിയ ഷംസീര്‍ 2021ല്‍ 36,801 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു ഇത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഷംസീര്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന് പ്രഥമ ചെയര്‍മാനായിരുന്നു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights – AN Shamseer elected as speaker