ഓഫീസിനെ രാഷ്ട്രീയ ഉപജാപകകേന്ദ്രമായി മാറ്റുന്നു; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി
ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. തന്റെ ഓഫീസിനെ രാഷ്ട്രീയ ഉപജാപകകേന്ദ്രമാക്കി മാറ്റുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ഇത് ഗൗരവമുള്ള വിഷയമാണെന്നും പിണറായി വിജയന് പറഞ്ഞു. നിഷ്പക്ഷനായിരിക്കേണ്ട ഗവര്‍ണര്‍ ആര്‍എസ്എസ് പിന്തുണയുള്ളയാളാണെന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണറുടേത് അസാധാരണ നടപടിയാണ്. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം അറിയിക്കുന്നതിന് നിയതമായ രീതികളുണ്ട്. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. മന്ത്രിസഭയുടെ ഉപദേശം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ നിന്നു പറയുന്നത് ഗവര്‍ണര്‍ ഇരുന്നു പറഞ്ഞു. ഗവര്‍ണര്‍ പരസ്യനിലപാട് എടുക്കുന്നതിനാലാണ് മാധ്യമങ്ങളോട് ഇതു തുറന്നു പറയേണ്ടി വരുന്നത്. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നു ഭരണഘടന പറയുന്നു. മന്ത്രിസഭയുടെ ഉപദേശം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. രാജ്യത്ത് ഭരണഘടനയാണു പ്രധാനം. ഗവര്‍ണറാണു സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍. ഭരണനിര്‍വഹണ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്.
മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന പറയുന്നത്. ഗവര്‍ണര്‍ ഒപ്പിട്ട ഒരു നിയമത്തിനും ഗവര്‍ണര്‍ക്കു വ്യക്തിപരമായ ഉത്തരവാദിത്തമില്ല. ഉത്തരവാദിത്തം സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി ഉത്തരവുണ്ട്.
ആര്‍എസ്എസ് വാട്സാപ് ഗ്രൂപ്പില്‍നിന്നാണോ ഗവര്‍ണര്‍ വിവരം ശേഖരിക്കുന്നത്. തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന് തന്നെ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രശംസയും സ്നേഹവും നല്‍കിയത് ആര്‍എസ്എസിനാണ്. ഭരണാഘടനാ സ്ഥാനത്തുനിന്ന് ഇതു പറയാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.