ഡോളിക്കു ശേഷം 26 വര്‍ഷങ്ങള്‍ക്കിപ്പുറം ക്ലോണിങ്ങിലൂടെ ജന്മമെടുത്ത് ‘മായ’ എന്ന ധ്രുവചെന്നായ
അതിജീവിക്കാന്‍ പാടുപെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങള്‍ക്ക് ആശ്വാസകരമായ കണ്ടുപിടുത്തമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറികൊണ്ടിരിക്കുന്നത്. ലോകത്ത് ആദ്യമായി വന്യ ജീവിയായ ധ്രുവ ചെന്നായയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചിരിക്കുയാണ് ചൈന. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനോജീന്‍ ബയോടെക്നോളജിയാണ് വൈല്‍ഡ് ആര്‍ട്ടിക് വൂള്‍ഫിനെ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ പത്താം തീയതിയാണ് ലോകത്തെ ആദ്യത്തെ ധ്രുവ ചെന്നായ ക്ലോണിങ്ങിലൂടെ പിറന്നു വീണത്. ലാബില്‍ പിറവിയെടുത്ത ചെന്നായക്കുഞ്ഞിന്റെ പേര് മായ എന്നാണ്.
കാനഡയിലെ ക്വീന്‍ എലിസബത്ത് ദ്വീപുകളിലെ ഹൈ ആര്‍ട്ടിക് ടുണ്‍ട്രയില്‍ നിന്നുള്ള വൈറ്റ് വുള്‍ഫ് അല്ലെങ്കില്‍ ധ്രുവ ചെന്നായ എന്ന പേരില്‍ അറിയപ്പെടുന്ന ആര്‍ട്ടിക് ചെന്നായയുടെ ക്ലോണിംഗ് വിജയകരമായി പൂര്‍ത്തിയായ വിവരം ഗവേഷകര്‍ അറിയിച്ചു. നൂറു ദിവസം പ്രായമായ ചെന്നായക്കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പരീക്ഷണടിസ്ഥാനമായി ധ്രുവ പ്രദേശത്തുള്ള പെണ് ചെന്നായയുടെ തൊലിയില്‍ നിന്നുള്ള കോശവും നായയുടെ അണ്ഡകോശവും തമ്മില്‍ സംയോജിപ്പിച്ചു. പിന്നീട് ബീഗിള്‍ ഇനത്തില്‍പെട്ട നായയെ സറോഗേറ്റീവ് മദറായി തെരെഞ്ഞെടുക്കുകയും അതില്‍ സംയോജിപ്പിച്ച കോശം നിക്ഷേപിക്കുകയും ചെയ്തു. പുരാതനമായി ചെന്നായ്ക്കളുമായി ജനിതക വംശപരമ്പര പങ്കിടുന്നതിനാലും ക്ലോണിംഗില്‍ വിജയ ശതമാനം കൂടാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് നായയെ സറോഗേറ്റീവ് മദറായി തിരഞ്ഞെടുത്തത്.
ആദ്യത്തെ ക്ലോണ്‍ ചെയ്ത ആര്‍ട്ടിക് ചെന്നായയെ സൃഷ്ടിക്കുന്നതിനുള്ള പരീക്ഷണ നടപടികള്‍ 2020ലാണ് സിനോജീന്‍ ബയോടെക്നോളജിയിലെ ഗവേഷകരും പോളാര്‍ തീം പാര്‍ക്കായ ഹാര്‍ബിന്‍ പോളാര്ലാന്ഡുമായി സംയുക്തമായി ചേര്‍ന്ന് ആരംഭിച്ചത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും പ്രജനനത്തിലുമുള്ള ഞങ്ങളുടെ പുതിയ ശ്രമവും മുന്നേറ്റവുമാണ് ഈ ഗവേഷണമെന്ന് സിനോജീന്‍ ജനറല്‍ മാനേജര്‍ മി ജിഡോംഗ് അറിയിച്ചു.
സോമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. 1996ല്‍ സ്കോട്ട്ലന്‍ഡില്‍ ക്ലോണ്‍ ചെയ്ത ആദ്യത്തെ സസ്തനിയായ ഡോളി ദി ഷീപ്പിന് പിന്നിലെ അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിന് ജന്മം നല്കി ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകത്തെ ആദ്യത്തെ ധ്രുവ ചെന്നായ ജന്മമെടുത്തത്. നിലവില്‍ മായ എന്ന ചെന്നായക്കുഞ്ഞ് വാടക അമ്മയായ ബീഗിളിനൊപ്പം ലാബിലാണ് താമസിക്കുന്നത്.
Content Highlights – Chinese Scientists Create World’s First Cloned Arctic Wolf