പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു; ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് സംഘടന
കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പിരിച്ചു വിട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര് എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നുവെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നു.
നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അബ്ദുള്‍ സത്താറിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഫെയിസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അബ്ദുള്‍ സത്താറിനെ കരുനാഗപ്പള്ളിയില്‍ നിന്ന് പോലീസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ശേഷം ഇയാളെ കാണാതായിരുന്നു. ഇന്നു രാവിലെയാണ് കരുനാഗപ്പള്ളിയില്‍ അബ്ദുള്‍ സത്താര്‍ തിരിച്ചെത്തിയത്. നിരോധനത്തെ നിയമപരമായി നേരിടുമെന്നായിരുന്നു അബ്ദുള്‍ സത്താര്‍ മാധ്യമങ്ങളോട് പറഞ്ഞത്.