കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്ന കോടിയേരി ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
കോടിയേരിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പ് യാത്ര റദ്ദാക്കിയിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അടക്കമുള്ള നേതാക്കള്‍ ചെന്നൈയില്‍ എത്തി.
വിട പറഞ്ഞത് സിപിഎംമ്മിലെ അതികായകന്. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ സജീവ സാന്നിധ്യമായിരുന്നു. കണ്ണൂര്‍ കല്ലറ തലായി എല്‍പി സ്കൂള്‍ അദ്ധ്യാപകന് കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953ലാണ് ജനനം. കോടിയേരിയിലെ ജൂനിയര്‍ ബേസിക് സ്കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മാഹി മഹാത്മാഗാന്ധി ഗവണ്മെന്റ് കോളേജില്‍ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി.
കെഎസ്എഫിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി മാറിയത്. 1990 മുതല്‍ 1995 വരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.