ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ രണ്ട് അപകടങ്ങളിലായി 31 പേര് മരിച്ചു
ഉത്തര്‍പ്രദേശില്‍ രണ്ട് അപകടങ്ങളിലായി 31 പേര് മരിച്ചു. കാണ്‍പൂരില്‍ രണ്ടിടങ്ങളിലായി മണിക്കൂറുകള്‍ക്കിടെയാണ് അപകടങ്ങള്‍ നടന്നത്. 30ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 50ലേറെ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തില്‍ വീണാണ് ആദ്യ അപകടമുണ്ടായത്. ഘതംപൂര്‍ മേഖലയിലാണ് അപകടം. സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 26 പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉന്നാവിലെ ചന്ദ്രികാദേവി ക്ഷേത്രത്തില്‍ നിന്ന് മടങ്ങി വരികയായിരുന്നു തീര്‍ത്ഥാടകര്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് എത്താന്‍ താമസിച്ചതിന് പ്രദേശത്തെ പോലീസ് സ്റ്റേഷന് ചുമതലയുണ്ടായിരുന്ന ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കാണ്‍പൂര്‍ നഗരത്തിലാണ് രണ്ടാമത്തെ അപകടമുണ്ടായത്.
ആഹിര്വാന് ഫ്ളൈഓവറിന് സമീപത്തു വെച്ച് അമിത വേഗത്തിലെത്തിയ ട്രക്ക് ഗുഡ്സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ചു പേര് കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ അപകടത്തില്‍ കൊല്ലപ്പെട്ട തീര്‍ത്ഥാടകര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.