സോളോ ട്രിപ്പ് ആഘോഷമാക്കിയ പെണ്‍കരുത്ത്
ഓരോ യാത്രകളും വ്യത്യസ്ത അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പവും വീട്ടുകാരൊത്തുമൊക്കെ യാത്രകള്‍ ചെയ്യുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ അതിനേക്കാള്‍ മനോഹരമാണ്. ഒറ്റയ്ക്ക് യാത്രചെയ്യുന്നത് രസകരമാണ് എന്നതില്‍ ഉപരി അത് നമ്മുടെ മനസ്സിനും ശരീരത്തിനും പുതിയ ഉണര്‍വേകും. ഇത് പലര്‍ക്കും അനുഭവമുള്ളതുമാണ്. സ്വയം നമുക്ക് നമ്മളെ കണ്ടെത്താനും അതിലേറെ മനസ്സിലാക്കാനും സോളോ യാത്രകള്‍ക്ക് അപ്പുറം മറ്റൊന്ന് ഉണ്ടെന്ന് തോന്നുന്നില്ല. പുതിയ ഇടങ്ങള്‍, പുതിയ ചുറ്റുപാടുകള്‍, ആളുകള്‍, സംസ്കാരങ്ങള്‍, രുചികള്‍ അങ്ങനെ വ്യത്യസ്തമായ നാം ഇതുവരെ കണ്ടിട്ടില്ലാത്ത ലോകത്തിലേക്ക് നമ്മള് തനിച്ച് കടന്നുചെല്ലുമ്പോള്‍ അത് നമ്മളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതൊന്നുമല്ല. അതിനുമപ്പുറം ഒറ്റക്കുള്ള ഇത്തരം യാത്രകള്‍ നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യും. എങ്ങനെ പ്രതിസന്ധികളെ തനിച്ച് നേരിടാമെന്നും, പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നുമൊക്കെയുള്ള പലപല കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ സോളോയാത്ര സഹായിക്കും.
പലരെയും സംബന്ധിച്ച് ഒറ്റയ്ക്കുള്ള യാത്രകള്‍ ഒരു വെല്ലുവിളിയാണെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും സോളാ യാത്രകള്‍ തീര്‍ച്ചയായും അനുഭവിച്ചറിയേണ്ടതാണ്. അത്തരത്തില്‍ സോളോ ട്രിപ്പുകള്‍ ആഘോഷമാക്കിയ പ്രീപ്തി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ
സോളോ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രീപ്തിയുടെ വാക്കുകള്‍ ഇങ്ങനെയാണ്………………..
‘സോളോ യാത്രകളിലൂടെ നമുക്കു നമ്മളെ തന്നെ കണ്ടെത്താന്‍ സാധിക്കും. ഇത്തരം യാത്രകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. നമുക്ക് സന്തോഷം നല്കുന്ന കൂടുതല്‍ കാര്യങ്ങള്‍ സോളോ യാത്രകളിലൂടെ കണ്ടെത്താനാകും. പുതിയ മനുഷ്യരെ പരിചയപ്പെടാനാകും. രാത്രിയിലുള്ള യാത്രകള്‍ എഴിവാക്കുന്നതായിരിക്കും ഉചിതം.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്ര കേദാര്‍നാഥ് ട്രക്കിങ്ങായിരുന്നു. 22 കിലോമീറ്ററോളം നടന്നാണു പോയത്. ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ മറ്റൊരു അനുഭവമായിരുന്നു.
ആ സമയത്ത് നമ്മുടെ മനസ്സില്‍ നാടും വീടും ഒന്നും ഉണ്ടാകില്ല. ദുര്‍ഘടമായ വഴിയിലൂടെയായിരുന്നു രാത്രി യാത്ര. രണ്ടു മണിയോടെയാണ് ടെന്റിലെത്തിയത്. രാവിലെ എഴുന്നേല്ക്കുമ്പോള് കണ്ട കാഴ്ച്ചയോളം മനോഹരമായതൊന്നും ജീവിതത്തില്‍ കണ്ടിട്ടില്ല. മഞ്ഞിനാല്‍ മൂടപ്പെട്ട ക്ഷേത്രവും മലനിരകളും മറക്കാനാവാത്ത കാഴ്ച്ചയായിരുന്നു’……….
കാഴ്ചകള്‍ തീവ്രമായ ഒരു അനുഭവമായി മാറുക, നമ്മള് ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ ആണെന്ന് പറയാറുണ്ട്. കാണുന്ന കാഴ്ചകളെ, കഴിക്കുന്ന ഭക്ഷണത്തെ, കടന്നുപോകുന്ന വഴികളെ ഒക്കെത്തന്നെ അതേ രീതിയില്‍ ആസ്വദിക്കണമെങ്കില്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ അനിവാര്യമാണ്. നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് മുന്കൂട്ടിപ്രവചിക്കാന് കഴിയില്ല. അതുകൊണ്ടുതന്നെ ജീവനുള്ള നാഴികളോളം യാത്രകള്‍ ചെയ്യുക. യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അത് നാളത്തേക്ക് മാറ്റി വെക്കാത്തിരിക്കുക. ജീവിതം കൂടുതല്‍ മനോഹരമാവട്ടെ. പ്രീപ്തി പങ്കുവെച്ച അനുഭവങ്ങള്‍ തന്റെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഒതുക്കിവെക്കാതെ ചിത്രശലഭങ്ങളെ പോലെ പാറി നടക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകട്ടെ…….
Content Highlights – Solo travel experience, Preepti Raj