മറയൂര്‍ കൊലപാതകം; പ്രതിയായ സുരേഷ് കസ്റ്റഡിയില്‍
മറയൂരില്‍ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പി കുത്തിയിറക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട രമേശിന്റെ ബന്ധുവായ സുരേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് ശേഷം ഒളിവില്‍പോയ ഇയാളെ മറയൂര്‍ വനത്തില്‍ നിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് സുരേഷ് രമേശിനെ കൊലപ്പെടുത്തിയത്. സ്വത്തു തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രമേശിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും അതേ കമ്പി വായില്‍ കുത്തിക്കയറ്റുകയുമായിരുന്നു. കമ്പിളിപ്പാറയില്‍ ഇവര്‍ക്കുള്ള ഭൂമിയില്‍ രമേശ് അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ ഇവര്‍ ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനു ശേഷമാണ് വാക്കുതര്‍ക്കമുണ്ടായത്.
പ്രതിയായ സുരേഷ് സ്ഥിരംമദ്യപാനിയാണെന്ന് പോലീസ് പറയുന്നു. നേരത്തെ പോലീസ് ഇടപെട്ട് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഇയാള്‍ മദ്യപാനം തുടരുകയായിരുന്നുവെന്നാണ് വിവരം.