നയന്‍താരയുടെ ഇരട്ടക്കുട്ടികള്‍; വാടക ഗര്‍ഭധാരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കും
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വാടക ഗര്‍ഭ ധാരണത്തില്‍ വിശദീകരണം ചോദിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. നാലു മാസം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് അതിനു മുന്‍പ് വാടക ഗര്‍ഭത്തിന് നിയമ പരിരക്ഷയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദീകരണം നല്‍കിയത്. സറോഗസിയ്ക്ക് എന്തെങ്കിലും സമയപരിധി നിര്ണയിച്ചിട്ടുണ്ടോയെന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. നിയമലംഘനമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2021ലെ സറോഗസി റെഗുലേഷന് ആക്ട് രാജ്യത്ത് പണം വാങ്ങിക്കൊണ്ടുള്ള വാടക ഗര്‍ഭധാരണം നിയമ വിരുദ്ധമാക്കിയിരിക്കുകയാണ്. 2022 ജനുവരി 25നാണ് ഈ നിയമം പ്രാബല്യത്തിലായത്. നയന്‍താരയോ അല്ലെങ്കില്‍ പാര്‍ട്നര്‍മാര്‍ എന്ന നിലയില്‍ നയന്‍താരയും വിഘ്നേഷും 2021 ഡിസംബറിന് മുന്‍പ് വാടക ഗര്‍ഭത്തിനായി ഏതെങ്കിലും മെഡിക്കല്‍ ക്ലിനിക്കിനെ സമീപിച്ചിരിക്കണം. പുതിയ നിയമം അനുസരിച്ച് ഗര്‍ഭപാത്രം വാടകയ്ക്ക് നല്കുന്ന സ്ത്രീ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ പാടില്ല. മെഡിക്കല്‍ ചെലവുകള്‍ മാത്രമേ ഈടാക്കാന്‍ കഴിയൂ.
ഞായറാഴ്ച വൈകിട്ടാണ് നയന്‍താരയും വിഘ്നേഷ് ശിവനും തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. എന്നാല്‍ കുട്ടികളുണ്ടായത് സറോഗസിയിലൂടെയാണോ എന്നത് ദമ്പതികള്‍ സ്ഥിരീകരിച്ചിട്ടില്ല.