ഭിന്നശേഷിക്കാരിയായ കുട്ടിയെ അപമാനിച്ചു; പാലക്കാട് വിക്ടോറിയ കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ടു
ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന് ആരോപിച്ച് അധ്യാപകനെ മറ്റു വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ടു. പാലക്കാട് വിക്ടോറിയ കോളേജിലാണ് സംഭവം. കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ എം ബിനു കുര്യനെയാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. രണ്ടാം വര്‍ഷ ബികോം ഫിനാന്‍സ് വിദ്യാര്‍ത്ഥിനിയെ അമ്മയുടെ മുന്നിലിട്ട് അപമാനിച്ചുവെന്നാണ് പരാതി.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സഹായിയെ ആവശ്യപ്പെടാം. ഈ ആവശ്യവുമായാണ് കുട്ടിയുടെ അമ്മ കോളേജില്‍ എത്തിയത്. അതേസമയം ഈ വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതിയിട്ട് എന്തിനാ എന്നായിരുന്നു അധ്യാപകന്റെ പ്രതികരണമെന്ന് സഹപാഠികള്‍ പറയുന്നു.
കുട്ടിയുടെ അമ്മയാണ് അധ്യാപകന് അപമാനിച്ച വിവരം മറ്റു വിദ്യാര്‍ത്ഥികളെ അറിയിച്ചത്. നിയമം പഠിപ്പിക്കുന്ന അധ്യാപകനാണ് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതെന്നും സഹപാഠികള്‍ ആരോപിക്കുന്നു.