തെക്കന്‍ കേരളത്തിലെ നേതാക്കള്‍ മോശമെന്ന് സൂചിപ്പിച്ച് കെ സുധാകരന്; വിവാദം, ഒടുവില്‍ ഖേദ പ്രകടനം
തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മോശക്കാരെന്ന് സൂചിപ്പിച്ച് കെപിസിസി പ്രസഡന്റ് കെ സുധാകരന്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് സുധാകരന്റെ വിവാദ പരാമര്‍ശം. തെക്കന്‍ കേരളത്തിലെയും വടക്കന്‍ കേരളത്തിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞ കഥയിലാണ് ഈ സൂചനയുള്ളത്.
തെക്കും വടക്കും തമ്മിലുള്ള വ്യത്യാസം ചരിത്രപരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കഥ ഇങ്ങനെയാണ്. രാവണനെ വധിച്ച ശേഷം ശ്രീരാമന് സീതയും ലക്ഷ്മണനുമായി പുഷ്പക വിമാനത്തില്‍ ലങ്കയില്‍ നിന്ന് അയോധ്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തെക്കന്‍ കേരളത്തിനു മുകളില്‍ പുഷ്പക വിമാനം എത്തിയപ്പോള്‍ ലക്ഷ്മണന് പെട്ടെന്നൊരു തോന്നലുണ്ടായി. രാമനെ തള്ളിയിട്ടിട്ട് സീതയുമായി കടന്നാലോ എന്ന്. ഇതിനിടയില്‍ വിമാനം തൃശൂരിന് മുകളിലെത്തുകയും ലക്ഷ്മണന്റെ മനസു മാറുകയും ചെയ്തു.
ലക്ഷ്മണന് പശ്ചാത്താപ വിവശനായി. അപ്പോള്‍ രാമന് ലക്ഷ്മണന്റെ പുറത്തു തട്ടി. നിന്റെ മനസു ഞാന്‍ വായിച്ചു. നാം കടന്നുപോയ പ്രദേശത്തിന്റെ കുഴപ്പമാണ്. അല്ലാതെ അത് നിന്റെ തെറ്റല്ല എന്നു പറഞ്ഞു. ഇതു പറഞ്ഞുകൊണ്ട് സുധാകരന് പൊട്ടിച്ചിരിച്ചുവെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അഭിമുഖത്തിലുള്ളത്. ധൈര്യവും സത്യസന്ധതയും നേരേവാ നേരേ പോ മനോഭാവവുമാണ് മലബാറില്‍ നിന്നുള്ള നേതാക്കളുടെ ഗുണമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി സുധാകരന് പറയുന്നുണ്ട്.
മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടെ നിരവധി പേര് ഇതിനെതിരെ രംഗത്തെത്തുകയും പരാമര്‍ശം വിവാദമാകുകയും ചെയ്തതോടെ പ്രസ്താവന പിന്‍വലിക്കുന്നതായി സുധാകരന് അറിയിച്ചു. തന്റെ പ്രസ്താവന വേദനിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശ്രീമാന്‍ കെ സുധാകരന്, തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യഗുണമാണ് വേണ്ടതെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. കോണ്‍ഗ്രസ് എന്ന പുഷ്പകവിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പറഞ്ഞു.