നരബലിയില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ ആന്തരികാവയവങ്ങള്‍ കാണാനില്ല; കൂടുതല്‍ അന്വേഷണത്തിന് പോലീസ്
ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ചില ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നരബലിയുടെ ഭാഗമായി മുറിച്ചു മാറ്റിയതാണ് അവയവങ്ങളെന്നും ഇവ പിന്നീട് കുഴിയില്‍ തന്നെ നിക്ഷേപിച്ചുവെന്നും പ്രതികള്‍ മൊഴി നല്‍കിയതായും സൂചനകളുണ്ട്.
വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. കൊലയ്ക്ക് പിന്നില്‍ അവയവക്കച്ചവടമാണോ എന്ന് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പത്മയുടെ മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ വേര്‍പെടുത്തിയതു ശാസ്ത്രീയ രീതിയിലാണെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ നേരത്തേ പറഞ്ഞിരുന്നു.
മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണു മൊഴിയെങ്കിലും ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒന്നില്‍ കൂടുതല്‍ കത്തികള്‍ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ എളുപ്പം വേര്‍പെടുത്താവുന്ന സന്ധികള്‍ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്.
ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവര്‍ക്കു മാത്രമാണ് ഇതിനു കഴിയുക. ഇതു സംബന്ധിച്ച ചോദ്യത്തിനു മോര്‍ച്ചറിയില്‍ ജോലി ചെയ്തിട്ടുണ്ടെന്ന മറുപടിയാണു ഷാഫി നല്‍കിയത്.