നെയ്യാറ്റിന്‍കരയില്‍ സഹപാഠി കൊടുത്ത ശീതളപാനീയം കഴിച്ച് അവശനിലയിലായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു
സഹപാഠി നല്കിയ ശീതളപാനീയം കുടിച്ച് അവശനിലയിലായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കരയിലാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചത്. കന്യാകുമാരി കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മല്‍ സ്വദേശിയായ അശ്വിന് (11) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24ന് പരീക്ഷ എഴുതിയ ശേഷം സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിലെ മറ്റൊരു വിദ്യാര്‍ഥി കുപ്പിയിലുള്ള ശീതളപാനീയം അശ്വിന് കുടിക്കാന്‍ നല്‍കുകയായിരുന്നു.
ഇത് കുടിച്ച ശേഷം വീട്ടിലെത്തിയ കുട്ടിക്ക് ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. ഉടന്‍ തന്നെ കളിയിക്കാവിളയിലെ ആശുപത്രിയിലും പിന്നീട് മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വായിലും നാവിലും വ്രണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വിശദമായ പരിശോധനയില്‍ പാനീയത്തില്‍ ആസിഡ് പോലെയുള്ള വസ്തു കലര്‍ന്നിരുന്നതായി സ്ഥിരീകരിച്ചിരുന്നു.
ആശുപത്രിയില്‍ നിന്ന് അറിയിച്ചതനുസരിച്ചാണ് പോലീസ് കേസെടുത്തത്. ഏത് വിദ്യാര്‍ഥിയാണ് ശീതള പാനീയം നല്‍കിയത് എന്നകാര്യം അറിയില്ലെന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. രണ്ടു വൃക്കകളും തകരാറിലായ കുട്ടിയെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.