‘നീലക്കുറിഞ്ഞി സന്ദര്‍ശനം ദുരന്തമായി മാറുമ്പോള്‍’; നടന് നീരജ് മാധവിന്റെ പോസ്റ്റ് ശ്രദ്ധേയമാവുന്നു
ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചുകൊണ്ട് വീണ്ടും നീലക്കുറിഞ്ഞി പൂത്തിരിക്കുകയാണ്.. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസം കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മയേകുന്നവയാണ്. സ്ട്രൊബിലാന്തസ് കുന്തിയാന എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട, ധാരാളമായി കാണപ്പെടുന്ന നീലക്കുറിഞ്ഞി വര്‍ഗ്ഗത്തില്‍പ്പെട്ട കുറ്റിച്ചെടികളാണ് ഒരു വ്യാഴവട്ടത്തിലൊരിക്കല്‍ പൂക്കുന്നത്. ഇടുക്കി ശാന്തന്‍പാറ-കള്ളിപ്പാറ മലനിരകളില്‍ ഇപ്പോള്‍ നീലക്കുറിഞ്ഞി പൂത്തുനിറഞ്ഞിരിക്കുകയാണ്. അപൂര്‍വമായുണ്ടാകുന്ന നീലവസന്തം കാണാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. 12 വര്‍ഷത്തിലൊരിക്കലേ പൂവിടൂ എന്ന് പറയപ്പെടുന്ന നീലക്കുറിഞ്ഞി ഇപ്പോള്‍ പൂവിട്ടിരിക്കുന്നതിലെ കൗതുകം കൂടിയുണ്ട് സഞ്ചാരികള്‍ക്ക്.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ പൂക്കള്‍ പറിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനെയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പരിസരത്ത് വലിച്ചെറിയുന്നതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് നടന് നീരജ് മാധവിന്റെ പോസ്റ്റ് വൈറലായി മാറിയത്.
നീലക്കുറിഞ്ഞി സന്ദര്‍ശനം ഒരു ദുരന്തമായി മാറിയിരിക്കുകയാണെന്നും വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആളുകള്‍ പരിസരത്ത് വലിച്ചെറിയുന്നുണ്ടെന്നും നീരജ് മാധവ് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രങ്ങള്‍ സഹിതമാണ് നടന്റെ പോസ്റ്റിട്ടിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്ത ഇടങ്ങളില്‍ സന്ദര്‍ശകര്‍ തിങ്ങിനിറയുന്നതിനോടൊപ്പം തന്നെ ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങളും നിറയുകയാണ്. ഇത് വലിയൊരു വിപത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത് എന്ന് കാണിച്ചാണ് നടന് നീരജ് മാധവന് രംഗത്ത് എത്തിയിരിക്കുന്നത്.
സന്ദര്‍ശകര്‍ ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെ ചൊല്ലിയാണ് നടന് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ വലിയ ദുരന്തമായി മാറുകയാണ് എന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല എന്നും നീരജ് കുറിപ്പില്‍ പറയുന്നു.
നീരജ് മാധവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു
‘നീലക്കുറിഞ്ഞി സന്ദര്‍ശിക്കാനെത്തുന്നവര്‍ വലിയ ദുരന്തത്തിലേക്ക് വഴിവെക്കുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് ഇവിടെ ഉപേക്ഷിക്കുകയാണ്. അതിന്റെ പരിസരത്ത് മാത്രമല്ല, ഇത്രയും മൂല്യവത്തായ പൂക്കളുണ്ടാകുന്ന ചെടികള്‍ക്ക് സമീപത്തുമുണ്ട്. ഇത് തടയാനായി അധികൃതര്‍ അവരുടെ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ സന്ദര്‍ശകര്‍ ഇത് ഗൗനിക്കുന്നില്ല. ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കാനെത്തുന്നവരോട് ഒരു അഭ്യര്‍ത്ഥന, ദയവ് ചെയ്ത് ഇവിടെ പ്ലാസ്റ്റിക്ക് കൊണ്ടുവരരുത്. അഥവാ കൊണ്ടുവന്നാല്‍ ഇവിടെ വലിച്ചെറിയരുത്,’ എന്നാണ് നീരജ് കുറിച്ചത്.
അതേസമയം, പ്രകൃതിയുടെ വിസ്മയമായി അടയാളപ്പെടുത്തിയിരിക്കുന്ന 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം ഉത്സവമാക്കുകയാണ് ജനങ്ങള്‍. അതുകൊണ്ടുതന്നെ മൂന്നാറിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന ഭാഗങ്ങളില്‍, പ്രത്യേകിച്ചും 5000 അടിക്കും മുകളിലുള്ള പുല്‍മേടുകളിലും ഷോലക്കാടുകളിലും, നീലക്കുറിഞ്ഞിയുടെ വസന്തകാലം പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. ഇങ്ങനെ കൂട്ടപുഷ്പ്പിക്കലിനു പിന്നാലെ ചെടികള്‍ ഉണങ്ങി, വിത്ത് മണ്ണില്‍ വീണ്, വീണ്ടും മുളച്ച് ഇവയുടെ പുഷ്പിക്കലിനായി വീണ്ടും പന്ത്രണ്ടു കൊല്ലം മലനിരകള്‍ കാത്തിരിക്കുന്നു. തേയിലത്തോട്ടങ്ങള്‍, അവക്കിടയിലെ സ്വാഭാവികവും നട്ടു വളര്‍ത്തിയതുമായ വനങ്ങള്‍, പുല്‍മേടുകള്‍ എന്നിങ്ങനെ മൂന്നാറിനു മുകളില്‍ പശ്ചിമഘട്ടങ്ങളുടെ ഭംഗി ഈ മേഖലയ്ക്കു മാത്രം സ്വന്തമാണ്.
Content Highlights – Neelakurinji visitis are turning out to be a collosal disaster