ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവനു മുന്നില്‍ ധര്‍ണ, സംസ്ഥാന വ്യാപക പ്രതിഷേധം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തെരുവില്‍ പ്രതിഷേധിക്കാനൊരുങ്ങി എല്‍ഡിഎഫ്. നവംബര്‍ 15ന് രാജ്ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അറിയിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവൃത്തികള്‍ അപമാനകരമാണെന്നും ഗോവിന്ദന് പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൈകടത്തുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത്. കേരളത്തിനു പുറമെ തമിഴനാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ഇടപെടലുകള്‍ സംഘപരിവാര്‍ നടത്തുന്നുണ്ട്. ഗവര്‍ണര്‍ വി.സി മാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അത് പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ നീക്കത്തിലൂടെ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അമിതാധികാരത്തിന്റെ ദുരുപയോഗമാണെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമാനമായി ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, സമൂഹത്തിലെ മറ്റു പ്രമുഖര്‍ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തില്‍ നവംബര്‍ രണ്ടാം തീയ്യതി തിരുവനന്തപുരത്ത് കണ്വെന്ഷന് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.