പിഎഫ് കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി; കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ചു
പ്രൊവിഡന്റ് ഫണ്ട് പെന്ഷന് കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. പെന്ഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ഭാഗികമായി ശരിവെച്ചു.
പുതിയ പെന്ഷന് പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം കോടതി അനുവദിച്ചു. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളമായിരിക്കും പെന്ഷന് നിശ്ചയിക്കുന്നതിന് കണക്കാക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്ഷന് ലഭിക്കില്ല.
വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.