തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി; ഹിമാചലില്‍ 25 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍
ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. നേതാക്കള്‍ ഉള്‍പ്പെടെ 25 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഇനി മൂന്നു ദിവസം മാത്രമാണ് ശേഷിക്കുന്നത്.
പിസിസി മുന്‍ ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഖണ്ട് ഉള്‍പ്പെടെയുള്ള നേതാക്കളാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി പാളയത്തില്‍ എത്തിയത്. മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍, സംസ്ഥാന ചുമതലയുള്ള സുധന് സിങ് എന്നിവര്‍ നേതാക്കളെ സ്വീകരിച്ചു.
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ ഇന്ന് ഹിമാചലില്‍ എത്താനിരിക്കെയാണ് കൊഴിഞ്ഞുപോക്ക്. രണ്ടു ദിവസം ഖാര്‍ഗേ സംസ്ഥാനത്ത് പര്യടനം നടത്തും. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഹിമാചലില്‍ പ്രചാരണം നടത്തി വരുന്നതിനിടെയാണ് നേതാക്കളുടെ കൂടുമാറ്റം.