കെടിയു താല്‍ക്കാലിക വിസി നിയമനം; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി
കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. താല്‍ക്കാലിക വിസി ചുമതല സിസാ തോമസിന് നല്കിയ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗവര്‍ണര്‍ നടത്തിയ നിയമനം ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ടെന്നും നിയമനത്തില്‍ നിയമപരമായി പ്രശ്നമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. സാങ്കേതിക സര്‍വ്വകലാശാല വി.സി യുടെ താത്കാലിക നിയമനം നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയിലെ ആവശ്യം. കോടതിയുടെ നിരീക്ഷണത്തെത്തുടര്‍ന്ന് മറുപടി നല്കാന് ഗവര്‍ണര്‍ സാവകാശം തേടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞ് കിടക്കുമെന്ന കാരണം ചുണ്ടിക്കാട്ടി താത്കാലിക നിയമനത്തിന് കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നില്ല. വൈസ് ചാന്‍സലറെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണ്. സിസ തോമസിനെ ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമിച്ചത്. നിയമവിരുദ്ധമായിട്ടാണ് ഈ നിയമനം. അതുകൊണ്ടുതന്നെ ഇത് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ഹര്‍ജിയിലെ ആവശ്യം.