ശശി തരൂരിന്റെ പരിപാടി വിലക്കിയ സംഭവം കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം കെ രാഘവന് എംപി; കോണ്‍ഗ്രസില്‍ പുതിയ പോര്
കോഴിക്കോട് ശശി തരൂര്‍ പങ്കെടുക്കാനിരുന്ന പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് എം കെ രാഘവന് എംപി. പരിപാടി എം കെ രാഘവന് തനിയെ തീരുമാനിച്ചതല്ലെന്നും പരിപാടി മാറ്റിവെച്ചതിനെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നാണ് ആവശ്യം.
സംഘപരിവാറും മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളും എന്ന വിഷയത്തില്‍ കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന പരിപാടി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ശശി തരൂര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് യൂത്ത് കോണ്‍ഗ്രസ് പിന്‍വലിഞ്ഞതിനെത്തുടര്‍ന്ന് മാറ്റിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം. തുടര്‍ന്ന് ജവാഹര്‍ യൂത്ത് ഫൗണ്ടേഷന് പരിപാടി ഏറ്റെടുക്കുകയായിരുന്നു.
പരിപാടി മാറ്റിയ സംഭവത്തില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരെയും എംപി രംഗത്തെത്തി. ശശി തരൂരിന്റെ പരിപാടിയ്ക്കായി ലോകം കാത്തിരിക്കുകയാണ്. കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല. ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട ഡി.സി.സി. നേതാക്കാളോട് ആലോചിച്ചാച്ചാണ് പരിപാടി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.