തൃക്കാക്കര കൂട്ടബലാല്‍സംഗക്കേസ് പ്രതി ഇന്‍സ്പെക്ടര്‍ പി ആര് സുനുവിന് സസ്പെന്ഷന്
തൃക്കാക്കര കൂട്ടബലാല്‍സംഗക്കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ പി.ആര് സുനുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിജിപിയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടിയില്‍ കയറിയ സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദേശിച്ചിരുന്നു.
വകുപ്പുതല നടപടി വേണമെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് സുനു ഇന്ന് ഡ്യൂട്ടിക്കെത്തിയത്. സുനു ഉള്‍പ്പെടെയുള്ളവര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് തൃക്കാക്കര സ്വദേശിനിയായ യുവതി പരാതി നല്‍കിയിരിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുന്‍പ് തൃക്കാക്കര പോലീസ് ബേപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സുനുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കേസില്‍ മൂന്നാം പ്രതിയാണ് സുനു. പത്ത് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. ഇവരെ നാലു ദിവസം ചോദ്യം ചെയ്തതിനു ശേഷം തെളിവുകളുടെ അഭാവത്തില്‍ സുനുവിനെ വിട്ടയയ്ക്കുകയായിരുന്നു. സുനുവിനെതിരെ ബലാത്സംഗമടക്കം ആറ് കേസുകള്‍ നിലവിലുണ്ട്. ഒമ്പത് തവണ വകുപ്പുതല നടപടിക്കും വിധേയനായിട്ടുണ്ട്.