കശ്മീര്‍ ഫയല്‍സിനെതിരായ ജൂറി ചെയര്‍മാന്റെ പരാമര്‍ശം മോശമായിപ്പോയെന്ന് ഇസ്രയേല്‍ അംബാസഡര്‍
ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ വിമര്‍ശിച്ച ജൂറി ചെയര്‍മാനും ഇസ്രയേലി സംവിധായകനുമായ നാദവ് ലാപിഡിനെതിരെ ഇസ്രയേല്‍ അംബാസഡര്‍. അങ്ങനെയൊരു പരാമര്‍ശം നടത്തിയതില്‍ ലാപിഡ് ലജ്ജിക്കണമെന്ന് അംബാഡര്‍ നവോര്‍ ജിലോണ്‍ ട്വിറ്ററില്‍ കുറിച്ച തുറന്ന കത്തില്‍ പറഞ്ഞു. ഇന്ത്യക്കാരായ സഹോദരീ സഹോദരന്മാര്ക്ക് മനസിലാകുന്നതിനായാണ് താന്‍ ഈ കത്ത് ഹീബ്രുവിന് പകരം ഇംഗ്ലീഷില്‍ എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മത്സര വിഭാഗത്തില്‍ കാശ്മീര്‍ ഫയല്‍സ് ഉള്പ്പെട്ടതിനെയാണ് ലാപിഡ് ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളന വേദിയില്‍ വിമര്‍ശിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ലാപിഡ് തുറന്നടിച്ചത്. പതിനഞ്ചു സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇവയില്‍ പതിനാല് സിനിമകളും മികച്ച നിലവാരം പുലര്‍ത്തിയവയും ചലച്ചിത്രമൂല്യമുള്ളവയുമായിരുന്നു. എന്നാല്‍ പതിനഞ്ചാമത്തെ സിനിമയായ ദി കാശ്മീര്‍ ഫയല്‍സ് കണ്ട് ജൂറി അംഗങ്ങളെല്ലാവരും ഞെട്ടിയെന്നും അസ്വസ്ഥരായെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക പ്രൊപ്പഗാന്ഡയോടു കൂടിയ വള്‍ഗറായ ഒരു ചിത്രമാണ് ഇതെന്നും ഇത്തരമൊരു ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിന് അനുചിതമാണ് ഈ ചിത്രമെന്നും ഇക്കാര്യം തുറന്നു പറയാന്‍ തനിക്ക് മടിയില്ലെന്നും ലാപിഡ് തുറന്നടിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ജൂറി ചെയര്‍മാനെതിരെ സ്വന്തം രാജ്യം രംഗത്തെത്തിയിരിക്കുന്നത്.