മഹ്സ അമിനിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ വിജയം; ഇറാനില്‍ മതകാര്യ പോലീസ് പിരിച്ചുവിട്ടു
മഹ്സ അമിനി എന്ന യുവതി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച പ്രക്ഷോഭം വിജയത്തിലേക്ക്. രാജ്യത്ത് മതകാര്യ പോലീസിനെ പിരിച്ചുവിട്ടു. ഇറാന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതകാര്യ പോലീസിന് രാജ്യത്തെ നിയമ സംവിധാനത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ പെരുമാറ്റരീതികള്‍ ഭരണസംവിധാനം കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്സ അമിനിയെന്ന 22കാരിയെ മതകാര്യ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഹ്സ മരിക്കുകയായിരുന്നു. ഹിജാബ് ഉപേക്ഷിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിനാണ് പിന്നീട് രാജ്യം സാക്ഷ്യംവഹിച്ചത്.
ഈ സംഭവത്തിനു ശേഷം മതകാര്യ പോലീസിന്റെ സാന്നിധ്യം പലയിടത്തും കുറച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മതകാര്യ പോലീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്.