കേക്ക് മുറിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല; ഗവര്‍ണറുടെ ക്രിസ്മസ് ആഘോഷത്തിനുള്ള ക്ഷണം നിരസിച്ച് സര്‍ക്കാര്‍
ഗവര്‍ണറുടെ ക്രിസ്മസ് ആഘോഷത്തിനുള്ള ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നടത്താനിരുന്ന ക്രിസ്മസ് ആഘോഷത്തിനും കേക്ക് മുറിക്കല്‍ ചടങ്ങിനും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രതിപക്ഷനേതാവ് വി ഡി സതീശനും ക്ഷണമുണ്ടായിരുന്നു. സതീശനും ആഘോഷത്തില്‍ പങ്കെടുക്കില്ല.
ഗവര്‍ണറുമായുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്. ഗവര്‍ണര്‍ ഏതെങ്കിലും പരിപാടിക്ക് ക്ഷണിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അതില്‍ പങ്കെടുക്കുന്നതായിരുന്നു പതിവ്. ചീഫ് സെക്രട്ടറിയെയും വകുപ്പ് സെക്രട്ടറിമാരെയും ആഘോഷത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓണാഘോഷത്തിന് താന്‍ തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും തന്നെ മുഖ്യമന്ത്രി ക്ഷണിച്ചില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണറുടെ ക്രിസ്മസ് ആഘോഷം. ഇത്തവണ കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.