ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ല, 25 വയസിലാണ് പക്വത വരുന്നത്! ഹോസ്റ്റല്‍ വിഷയത്തില്‍ സത്യവാങ്മൂലം നല്കി ആരോഗ്യ സര്‍വകലാശാല
ഹോസ്റ്റല്‍ കര്‍ഫ്യൂ വിഷയത്തില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി ആരോഗ്യ സര്‍വകലാശാല. ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ആളുകള്‍ക്ക് പക്വത വരുന്നത് 25 വയസിലാണെന്നും അതിനു മുന്‍പ് പറയുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സര്‍വകലാശാലയുടെ വാദം. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിര്‍ത്തിയിരിക്കുന്നത് പഠിക്കാനാണ്. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും സര്‍വകലാശാല പറയുന്നു.
രാത്രി 11 മണിക്കു ശേഷവും ലൈബ്രറിയും റീഡിംഗ് റൂമും തുറന്നു വെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ വാദത്തിനെതിരെയാണ് സര്‍വകലാശാല രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലുകളിലെ രാത്രികാല നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്. രാത്രി 9.30 കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് കാട്ടിയായിരുന്നു പരാതി.
9 മണിക്ക് കോളേജുകളിലെ ലൈബ്രറികള്‍ അടയ്ക്കും അതുകൊണ്ട് 9.30 യ്ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കണം എന്ന് പറയുന്നതില്‍ യാതൊരുവിധ തെറ്റുമില്ലെന്നും സര്‍വകലാശാല വാദിക്കുന്നു. എന്നാല്‍ രാത്രികാല നിയന്ത്രണത്തിന്റെ കാര്യത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് നടപ്പാക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്കി.
ഈ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ റീഡിംഗ് റൂമുകള്‍ രാത്രിയും പ്രവര്‍ത്തിക്കാമോ എന്ന് സര്‍ക്കാരിനോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിംഗ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനം എടുക്കണമെന്ന് കോടതി പറഞ്ഞു. കുട്ടികള്‍ക്ക് രാത്രി 9.30ന് ശേഷം പുറത്തിറങ്ങാമോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.